അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഏതു പൗരന്റെയും കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാന്‍ അധികാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് മാധ്യമങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ ജൂഡീഷ്യറിക്കോ പോലും ഒഴിവില്ല. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്ന സൂചനയാണ് നല്‍കുന്നത്.കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്ന ശേഷം ജനാധിപത്യാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായേ ഈ ഉത്തരവിനെ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി പോലും കാറ്റില്‍ പറത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2000 ഒക്ടോബറില്‍ നിലവില്‍ വന്ന ഐടി ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം യുക്തിരഹിതവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. കുറ്റകരമായ സന്ദേശങ്ങള്‍ കൈമാറുന്നതിന് തടവും പിഴയും നല്‍്കുന്ന ഐടി ആക്ടിലെ 66 എ വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി റദ്ദാക്കിയതെന്നും പിണറായി ഓര്‍മിപ്പിച്ചു.ആര്‍.എസ്.എസ്സിനോടും ബി.ജെ.പിയോടും വിയോജിക്കുന്നവരുടെ പൗരാവകാശങ്ങള്‍ ഹനിക്കാനും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ഉദ്ദേശിച്ച് കൊണ്ടുവന്ന ഈ ഉത്തരവ് പിന്‍വലിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *