കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി എംഡി ടോമിന്‍ ജെ.തച്ചങ്കരി. കെഎസ്ആര്‍ടിസിയില്‍ പുതുതായി ജോലിക്കെത്തിയ റിസര്‍വ് കണ്ടക്ടര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ തെറ്റായ ശീലങ്ങളില്‍ പുതിയ ജീവനക്കാര്‍ വീഴരുതെന്നു എംഡി മുന്നറിയിപ്പ് നല്‍കി. അങ്ങനെയാണെങ്കില്‍ ജോലിയില്‍നിന്നു മാറിനില്‍ക്കാം.


കെഎസ്ആര്‍ടിസിയില്‍ ചേര്‍ന്നതിനുശേഷം ജോലി വിട്ടു പുതിയ ജോലിക്കു പോകാന്‍ നോക്കരുത്. പുതുതായി ജോലിക്ക് കയറുന്ന കണ്ടക്ടര്‍മാര്‍ ഒരു മാസം കഴിഞ്ഞ് വേറേ ജോലിക്ക് പോകും എന്നാണ് എംപാനല്‍ ജീവനക്കാര്‍ പറഞ്ഞത്. വേറെ ജോലിക്ക് പോകുന്നവരുണ്ടെങ്കില്‍ പറയണം. അവര്‍ക്ക് ജോലിയില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് തരില്ല. കെഎസ്ആര്‍ടിസി പണം മുടക്കി കണ്ടക്ടര്‍മാര്‍ക്ക് എല്ലാ പരിശീലനവും നല്‍കിയശേഷം വേറെ ജോലിതേടി പോകുന്നതാണ് ഉദ്യോഗസ്ഥരുടെ പതിവ്. കെഎസ്ആര്‍ടിസിയെ സത്രമായി കരുതുന്നവര്‍ ദയവായി ഈ സ്ഥാപനത്തിലേക്ക് വരരുത്. ചുരുങ്ങിയതു മൂന്നു വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ തയാറാകാത്തവര്‍ കെഎസ്ആര്‍ടിസിയിലേക്ക് വരേണ്ടതില്ലെന്നും തച്ചങ്കരി പറഞ്ഞു.
പിഎസ്സി വഴി നിയമനംകിട്ടി വരുന്നവര്‍ കാര്യക്ഷമത ഉള്ളവരാണെന്ന ബോധ്യം ജനത്തിന് ഉണ്ട്. അതു കളയരുത്. ഏഴരക്കോടിയാണ് അവധി കഴിഞ്ഞുള്ള ദിവസത്തെ കോര്‍പ്പറേഷന്റെ വരുമാനം. അതു ഒരുകോടി കൂടിയാല്‍ ജനം പുതുതായി എത്തിയ ഉദ്യോഗസ്ഥരെ മതിക്കും. ഒരുപാട് വണ്ടികള്‍ കാലിയായി ഓടുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ട്രെയിന്‍ ഓടുന്നപോലെ നിരനിരയായാണ് വണ്ടികള്‍ കാലിയായി ഓടുന്നത്. ഓടിക്കുന്നവര്‍ക്ക് കുഴപ്പമില്ല. സ്വന്തം വണ്ടിയല്ലല്ലോ. ജീവനക്കാര്‍ കൂടെ നിന്നാല്‍ സ്ഥാപനത്തെ ലാഭത്തിലാക്കാം. സ്ഥാപനത്തില്‍ കയറിയശേഷം ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. ജോലി ആനന്ദകരമാകണം. ജോലി ആസ്വദിക്കണം. സഹിച്ചു മടുത്തതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാണ്. സാമ്പത്തിക സഹായം സര്‍ക്കാരില്‍നിന്ന് ഇനി പ്രതീക്ഷിക്കണ്ട. ഖജനാവില്‍ പണമില്ല.
ജനുവരി ഒന്നാം തീയതി മുതല്‍ സിഎംഡിയും ഫീല്‍ഡിലേക്ക് ഇറങ്ങുകയാണ്. ലാഭമില്ലാത്ത സര്‍വീസ് നിര്‍ത്തും. ഒരു വര്‍ഷം കൊണ്ട് ഈ സ്ഥാപനം മാറും. അങ്ങനെ മാറണമെങ്കില്‍ ജീവനക്കാര്‍ കാര്യക്ഷതയുള്ളവരാകണം. ഇവിടെ ശുപാര്‍ശ നടക്കില്ല. ന്യായമായ കാര്യങ്ങള്‍ മാത്രമേ നടക്കൂ. സുഖിക്കാനുള്ള സ്ഥലമല്ല കെഎസ്ആര്‍ടിസി. നേരിട്ട് യാത്രക്കാരുമായി സംവദിക്കാനുള്ള അവസരം ജീവനക്കാര്‍ പ്രയോജനപ്പെടുത്തണമെന്നും തച്ചങ്കരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You may missed