എന്‍എസ്എസുപോലുള്ള സംഘടനകളെ അപമാനിക്കുന്നത് ശരിയല്ലെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തിന്റെ നവോത്ഥാനത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ എന്‍എസ്എസിനെ അപമാനിക്കുന്നതിലൂടെ വര്‍ഗീയ മതിലാണു കെട്ടാന്‍ പോകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുറന്നു സമ്മതിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന് പിന്നിലെ വര്‍ഗീയ അജന്‍ഡ തുറന്നു കാട്ടപ്പെട്ടതിലെ രോഷം തീര്‍ക്കുന്നതിന് എന്‍എസ്എസുപോലുള്ള സംഘടനകളെ അപമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു

മന്നത്ത് പത്മനാഭനും എന്‍എസ്എസും നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. പിണറായിയും കോടിയേരിയും വിചാരിച്ചാലൊന്നും ആ ചരിത്രത്തില്‍ പോറലേല്‍പിക്കാനാവില്ല. വൈക്കം സത്യഗ്രഹത്തിനു ശക്തി പകര്‍ന്നുകൊണ്ടു മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണജാഥ കേരളത്തിനു മറക്കാന്‍ കഴിയുന്നതെങ്ങനെ?
സിപിഎം നിര്‍മിക്കാന്‍ പോകുന്നതു വര്‍ഗീയ മതിലാണെന്നു തിരിച്ചറിഞ്ഞ് അതില്‍നിന്നു വിട്ടുനില്‍ക്കുന്ന സാമൂഹ്യസംഘടനകളെയും പ്രവര്‍ത്തകരെയും ചലച്ചിത്ര താരങ്ങളെയും മറ്റും അപമാനിക്കുകയും അതേസമയം തങ്ങളോടൊപ്പം നില്‍ക്കുന്ന സി.പി.സുഗതനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കുകയുമാണു സിപിഎം ചെയ്യുന്നത്.
ഒപ്പം നിന്നാല്‍ ശ്രേഷ്ഠന്മാരും ഇല്ലെങ്കില്‍ മോശക്കാരുമാക്കുന്നതാണു സിപിഎമ്മിന്റെ നയം. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ടു നിര്‍മിക്കുന്ന വര്‍ഗ്ഗീയ മതില്‍ സംസ്ഥാനത്ത് സമുദായികവും വര്‍ഗീയവുമായ ധ്രൂവീകരണത്തിനാവും വഴി ഒരുക്കുക.

Leave a Reply

Your email address will not be published. Required fields are marked *