കണ്ണുരുട്ടലും ഭീഷണിയും വേണ്ട, കണ്ട് ഭയപ്പെടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ”നവോത്ഥാനമൂല്യങ്ങൾ സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളത്.” മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ന്യൂനപക്ഷദിനാചരണത്തിന്‍റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

”ഇത്തരത്തിൽ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകും, അതൊക്കെ സർക്കാർ മറികടക്കും”, മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ആർഎസ്എസ്സിനും കോൺഗ്രസിനുമെതിരെ ശക്തമായ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ‘കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഈ വർഗീയതയുമായി സമരസപ്പെടുകയാണ് കോൺഗ്രസ്. ആർഎസ്എസ്സിന്‍റെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം. കോൺഗ്രസിനെ ആർഎസ്എസ് വിഴുങ്ങും’, മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനസർക്കാരിനെ പൂർണമായും തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചുമാണ് കഴിഞ്ഞ തിങ്കളാഴ്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വാർത്താസമ്മേളനം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരൻ നായർ പ്രതികരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാർഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സർക്കാരിൽ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങൾ സംരക്ഷിക്കണം. അതിനായി എൻഎസ്എസ് വേണ്ടതെല്ലാം ചെയ്യും. – സുകുമാരൻ നായർ പറഞ്ഞു.

ജനുവരി ഒന്നാം തീയതി സംസ്ഥാനസർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എൻഎസ്എസ് ജനറൽ സെക്രട്ടറി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. വനിതാമതിൽ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികൾക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാമെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമെന്ന് കൃത്യമായ സൂചന നൽകുന്ന സുകുമാരൻ നായരുടെ വാർത്താസമ്മേളനത്തിനെതിരെയാണ് ഇപ്പോൾ മുഖ്യമന്ത്രി പരോക്ഷമായിട്ടെങ്കിലും മറുപടി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *