മോദിക്കെതിരെ രാഹുലിനും സ്റ്റാലിനുമൊപ്പം പിണറായി

ചെന്നൈ: രാജ്യത്തിന്റെ രാഷ്ട്രീയഭാവിയുടെ ചൂണ്ടുപലകയായി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നശേഷം ഇതാദ്യമായാണു പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യവും ശ്രദ്ധേയമായി

ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ സോണിയ ഗാന്ധിയാണു കരുണാനിധിയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ചലച്ചിത്രതാരവും രാഷ്ട്രീയനേതാവുമായ രജനീകാന്ത്, മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയിലെ വിമതശബ്ദവുമായ ശത്രുഘ്‌നന്‍ സിന്‍ഹ, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി തുടങ്ങിയവരും പങ്കെടുത്തു. ഡിഎംകെ തലവന്‍ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലാണു കേന്ദ്രത്തിലെ പ്രതിപക്ഷനിരയിലെ അംഗങ്ങളെ ചടങ്ങിലേക്കു ക്ഷണിച്ചത്.
റോയപ്പേട്ട വൈഎംസിഎ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളത്തിലും അണികളെ അഭിസംബോധന ചെയ്തു നേതാക്കള്‍ സംസാരിച്ചു. ഇന്ത്യയ്ക്ക് ഒരു പുതിയ പ്രധാനമന്ത്രിയായിരിക്കും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനപ്പുറം ഉണ്ടാവുകയെന്നും താന്‍ നിര്‍ദേശിക്കുന്നതു രാഹുലിന്റെ പേരാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
പുതിയ പ്രധാനമന്ത്രിക്കായുള്ള ശ്രമങ്ങള്‍ ഡിഎംകെയുടെ ഭാഗത്തു നിന്നുണ്ടാകും. മോദിയുടെ ഫാഷിസ്റ്റ് ഭരണത്തെ എതിര്‍ത്തു തോല്‍പിക്കാന്‍ ശേഷിയുള്ള രാഹുല്‍ ഗാന്ധിയെയാണു താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *