കര്‍ഷക സമരം : മരണപ്പെട്ടവരുടെ രേഖകള്‍ ഇല്ലാത്തതിനാല്‍ ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മരണപ്പെട്ടവരുടെ രേഖകള്‍ ഇല്ലാത്തതിനാല്‍ ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ഒരു വര്‍ഷം നീണ്ടുനിന്ന സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് രേഖാമൂലമാണ് കേന്ദ്രമന്ത്രി തോമര്‍ മറുപടി നല്‍കിയത്.
കൃഷി മന്ത്രാലയത്തിന്റെ പക്കല്‍ ഇക്കാര്യത്തില്‍ ഒരു രേഖയുമില്ലെന്നും അതിനാല്‍ നഷ്ടപരിഹാരത്തെ കുറിച്ചുള്ള ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് സമരമുന്നണി പ്രധാനമായും ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

2020 നവംബര്‍ മുതല്‍ സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ വിവാദമായ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ 700ലധികം കര്‍ഷകര്‍ കൊല്ലപ്പെട്ടുവെന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്.

കാലാവസ്ഥ, വൃത്തിഹീനമായ സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന അസുഖം, ആത്മഹത്യ എന്നിവയാണ് പ്രധാനമായും മരണങ്ങള്‍ക്ക് കാരണം.

പ്രധാന ആവശ്യമായ വിവാദ നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയെങ്കിലും, മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *