മൊബൈല്‍ ഫോണ്‍ കാണാതായ സംഭവം: 8 പൊലീസുകാരെ സ്ഥലം മാറ്റി

കൊല്ലം: മൊബൈല്‍ ഫോണ്‍ കാണാതായ സംഭവത്തില്‍ കൊല്ലം പരവൂര്‍ സ്‌റ്റേഷനില്‍ കൂട്ടസ്ഥലം മാറ്റം. ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എട്ട് പൊലീസുകാരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥലം മാറ്റിയത്.

വനിതാ പൊലീസുകാര്‍ ഉള്‍പ്പടെയുള്ളവരും നടപടി നേരിടുന്നവരില്‍ ഉണ്ടെന്നാണ് സൂചന.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണാണ് മോഷണം പോയത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പതിവായി കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടത്തിയ റെയ്ഡില്‍ പരവൂര്‍ തെക്കുംഭാഗം സ്വദേശിയായ യുവാവില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണാണ് മോഷണം പോയത്.

തുടര്‍ന്ന് ഫോണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തിരിമറി പുറത്തറിയുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം മറ്റൊരു കമ്ബനിയുടെ പ്രവര്‍ത്തനരഹിതമായ ഫോണാണ് നല്‍കിയതെന്ന് പരിശോധനാ ചുമതലയുള്ള കോടതി ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ ചാത്തന്നൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *