പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീനിന്റെ വീട്ടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തി.

യുവതിയുടെ മാതാപിതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു. മോഫിയയുടെ മരണം ദു:ഖകരമായ സംഭവമാണെന്നും, ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലുവ പൊലീസിനെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഇതിനിടയില്‍ ആലുവയിലേതുപോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാകുന്നു. അത്തരം സാഹചര്യങ്ങളില്‍ ആലുവയിലേതുപോലെ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണം.’ അദ്ദേഹം പറഞ്ഞു.

സ്ത്രീധന രീതി ഇല്ലാതാകണമെന്നും, സ്ത്രീധനത്തിനെതിരെ അവബോധം വളര്‍ത്തണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സ്ത്രീ സുരക്ഷയ്ക്കായി 18 നിയമങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed