മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവില്‍പനശാലകളുടെ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും വി.എം സുധീരന്റെ ഹര്‍ജിയില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്‌നം. മദ്യശാലകളുടെ മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാനാവാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിയ്ക്കാവില്ല. അങ്ങനെചെയ്താല്‍ അവര്‍ മറ്റ് ലഹരിയിലേക്ക് പോകാം. കോടതി നിര്‍ദ്ദേശത്തിന്റെ മറവില്‍ സര്‍ക്കാര്‍ 175 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ആലോചിക്കുന്നെന്ന് വി.എം സുധീരന്‍ ഹര്‍ജിയില്‍ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്‍പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സുധീരന്റെ ഹര്‍ജി. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനുളള നടപടിയാണ് വേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.

സമൂഹത്തിന്റെ പൊതു അന്തസിനെ കരുതി വിഷയത്തിലിടപെടുന്ന കോടതി ഭാവി തലമുറയെ കരുതിയാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം പുതിയ മദ്യശാലകള്‍ക്കായി തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. മദ്യശാലകളിലെ തിരക്ക് കുറയ്ക്കാനാണ് മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ ശുപാര്‍ശ ചെയ്തതെന്നും കോടതിയില്‍ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *