സാമ്പത്തിക സംവരണം തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ പേരില്‍ ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനങ്ങളെ കൂട്ടി യോജിപ്പിച്ച് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനുള്ള സംവരണം തുടരും. നിലവിലെ സംവരണം അട്ടിമറിക്കുകയല്ല ചെയ്യുന്നത്. നിലവിലെ സംവരണ രീതികളില്‍ മാറ്റം ഉണ്ടാകില്ലെന്നും മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും കൂടി നിലനില്‍ക്കുന്നുണ്ട്. ബാക്കി വരുന്ന 50 ശതമാനം പൊതുവിഭാഗത്തില്‍ നിന്ന് പാവപ്പെട്ട 10 ശതമാനത്തിന് പ്രത്യേക പരിഗണന നല്‍കുന്ന നിലയാണ് ഇപ്പോള്‍ വരിക. ഇതൊരു കൈത്താങ്ങാണ്. ആദ്യം പറഞ്ഞ സംവരണത്തിന്റെ ഭാഗമായി പോകുന്ന 50 ശതമാനത്തിന്റെ നില അങ്ങനെത്തന്നെ തുടരും. ഈ 10 ശതമാനത്തിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള ഒരു സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. ജാതി സംവരണമല്ല സാമ്പത്തികമാണ് പരിഗണിക്കുന്നത്. എന്നാല്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഭിന്നിപ്പിന് അവസരം ഉണ്ടാക്കും. സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമ ദരിദ്രരാണ്. അവര്‍ക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കുന്നില്ല. ഇതാണ് 10 ശതമാനം സംവരണം വേണം എന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *