മോദി സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ വിജയമെന്ന് കര്‍ഷകരും പ്രതിപക്ഷവും

ന്യൂഡല്‍ഹി: വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത് മോദി സര്‍ക്കാറിനെതിരെ ജനങ്ങള്‍ നേടിയ വിജയമെന്ന് കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും.

നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നടപടി. വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് തുടര്‍നടപടി ഉണ്ടാകുക.

തീരുമാനത്തിന് പിന്നില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണെന്നും പാര്‍ലമെന്റില്‍ തിരുത്തുംവരെ സമരംതുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

കര്‍ഷകര്‍ക്ക് വൈകി കിട്ടിയ നീതിയാണെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അഭിപ്രായപ്പെട്ടു. നിയമം പിന്‍വലിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും കര്‍ഷകരുടെ സമരത്തിന് മുന്നില്‍ അഹങ്കാരം കീഴടങ്ങിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് മറ്റു വഴികളില്ലാത്തത് കൊണ്ടാണ്. കരി നിയമങ്ങള്‍ പിന്‍വലിച്ചതോടെ കോണ്‍ഗ്രസ് പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തിയ സമരങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു

നരേന്ദ്ര മോദിയുടെ പതനത്തിന്റെ തുടക്കമാണ് നിയമത്തില്‍ നിന്നുള്ള പിന്മാറ്റമെന്നാണ് സിപിഎം ഈ വിഷയത്തോട് പ്രതികരിച്ചത്.

സംഘ് ഫാഷിസത്തെ പരാജയപ്പെടുത്താനുള്ള ഏക വഴി വിപുലമായ ജനകീയ സമരമാണെന്ന് തെളിയിച്ചെന്ന് വെല്‍ഫയര്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *