പിടികിട്ടാപ്പുള്ളിയും കൂട്ടരും പോലീസിനെ ആക്രമിച്ചു; 6 പോലീസുകാര്‍ക്ക് പരിക്ക്‌

കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും കൂട്ടാളികളും ആക്രമിച്ചു. സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഒരാളുടെ നില ഗുരുതരമാണ്. കുന്ദമംഗലത്തിനടുത്ത് എരിമലയിലാണ് സംഭവം.

പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റുചെയ്യാന്‍ എത്തിയ പൊലീസുകാര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. വിവിധ ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ഷിജു. പൊലീസ് സംഘത്തെ ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു പൊലീസുകാരന്റെ കാല്‍ ഒടിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ് റൂറല്‍ എസിപിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്.

വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയും ഷിജു പ്രശ്‌നമുണ്ടാക്കി. സമീപത്തുണ്ടായിരുന്ന കാറിന്റെ മുകളില്‍ കയറി ഭീഷണി മുഴക്കിയ ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരെ ആക്രമിച്ച മറ്റുപ്രതികള്‍ക്കുവേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *