പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്റെ മകള്‍ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ പോലീസിന്റെ പീഡനത്താല്‍ ഞങ്ങള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നുമാണ് ആരോപണം.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ആരോപണവിധേയയായ രജിതയുടെ താല്‍പര്യ പ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *