കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 7.5 കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി പിടികൂടിയത് 7.5 കിലോ സ്വര്‍ണം. 3.71 കോടിയാണ് ഇതിന് വില വരുന്നത്. ദുബായില്‍ നിന്നെത്തിയ മൂന്നംഗ സംഘത്തിന്റെ കൈയില്‍ നിന്നും മറ്റ് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.

തൃശൂര്‍ സ്വദേശി നിതിന്‍ ജോര്‍ജ്, കാസര്‍കോട് സ്വദേശി അബ്ദുള്‍ ഖാദര്‍, ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍, വളയം സ്വദേശി ബഷീര്‍, കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലില്‍ നിന്നായി 1040 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും സ്വര്‍ണവേട്ട നടന്നിരുന്നു. മൂന്ന് യാത്രക്കാരില്‍ നിന്നായി 4.700 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും ബഹറൈനില്‍ നിന്നെത്തിയ തീരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍ നിന്നും 2.06 കിലോഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍ നിന്നും 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *