എംഎ ലത്തീഫിനെതിരായ അച്ചടക്ക നടപടി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറിയും തലസ്ഥാനത്തെ ജനസ്വാധീനമുള്ള നേതാവുമായ എംഎ ലത്തീഫിനെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ സുധാകരന്‍.

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് കെപിസിസി അധ്യക്ഷന്റെ വിശദീകരണം. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാണ് അച്ചടക്ക നടപടി വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നോട്ടീസില്‍ പറഞ്ഞത്.

അതിനിടെ ലത്തീഫിനെ അനുകൂലിച്ച് തലസ്ഥാനനഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംഘടനാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെപിസിസി മുന്‍ സെക്രട്ടറി എംഎ ലത്തീഫിനെതിരായ നടപടി എന്നാണ് എഐ ഗ്രൂപ്പുകളുടെ വിമര്‍ശനം. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയുള്ള നടപടിയില്‍ ഉമ്മന്‍ചാണ്ടി തന്നെ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ലത്തീഫിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പരാതിയില്ലെന്ന് വ്യക്തമാക്കിയതെന്നാണ് സൂചന. എന്നാല്‍, നടപടിയെ കെ സുധാകരന്‍ ന്യായീകരിച്ചു.

അതേ സമയം, കെ സുധാകരന്‍ നടപടിയില്‍ ഉറച്ചു നില്‍ക്കുമ്പോവും തീരുമാനത്തിനെതിരെ തിരുവനന്തപുരം നഗരത്തില്‍ ലത്തീഫ് അനുകൂലികള്‍ രണ്ട് ദിവസം പ്രകടനം നടത്തി. കെ കരുണാകരന്‍ പ്രതിമക്ക് മുന്നില്‍ നിന്ന് തുടങ്ങി ആര്‍ ശങ്കര്‍ പ്രതിമവരെയായിരുന്നു ഇന്നത്തെ പ്രകടനം. കഴിഞ്ഞ രണ്ട് ദിവസമായി വിഴിഞ്ഞം, പെരുമാതുറ, ചിറയന്‍കീഴ്, ആറ്റിങ്ങല്‍ മേഖലയില്‍ പ്രകടനം നടന്നിരുന്നു.

തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘാടകനും നേതാവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമാണ് ലത്തീഫ്. ലത്തീഫിനെതിരായ നടപടി പാര്‍ട്ടിയ്ക്ക് തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed