മഹാഷ്ട്രയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെവരില്‍ തലക്ക് അരക്കോടി വിലയിട്ട മാവോവാദിയും

മുംബൈ: മഹാരാഷ്ട്രയിലെ ഗദ്ചിരോലി ജില്ലയില്‍ ശനിയാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ മാവോവാദി നേതാവ് മിലിന്ദ് തെല്‍തുംബ്‌ഡേയും. ഭീമ കോറേഗാവ് കേസിലെ പ്രതി കൂടിയായ മിലിന്ദിന്റെ തലക്ക് അരക്കോടി രൂപയാണ് വിലയിട്ടിരുന്നത്. പോലീസ് വെടിവെപ്പില്‍ മിലിന്ദ് തെല്‍തുംബ്‌ഡേയും ഉള്‍പ്പെട്ടതാതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാസ്ലെ പാട്ടീല്‍ സ്ഥിരീകരിച്ചു. കൊറേഗാവ് കേസിലെ പ്രതിയും ദളിത് ചിന്തകനുമായ ആനന്ദ് തെല്‍തുംബ്‌ഡേയുടെ സഹോദരനാണ് മിലിന്ദ്.

മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ മിലിന്ദ് തെല്‍തുംബ്‌ഡേ നാലു സംസ്ഥാനങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന എന്നിവയായിരുന്നു മിലിന്ദിന്റെ പ്രവര്‍ത്തന മണ്ഡലം. ഇയാളുടെ അംഗരക്ഷകരായിരുന്ന പുരുഷനും സ്ത്രീയും വെടിയേറ്റു മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2019ല്‍ നിരവധി പോലീസുകാരുടെ മരണത്തിനിടയാക്കിയ കുര്‍ഖേഡ ആക്രമണത്തിന് പിന്നില്‍ മിലിന്ദാണെന്ന് സംശയമുണ്ട്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 26 മാവോവാദികളാണ് കൊല്ലപ്പെട്ടത്.

20 ലക്ഷം പോലീസ് വിലയിട്ട ലോകേഷ് മങ്ങു പൊദ്യന്‍, 16 ലക്ഷം വിലയിട്ട മഹേഷ് ശിവാജി റാവോജി എന്നിവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കസന്‍സൂര്‍ ദളത്തിന്റെ കമാന്‍ഡറായ സന്നു എന്ന കൊവച്ചിയെ പിടികൂടുന്നവര്‍ക്ക് എട്ടുലക്ഷം രൂപയാണ് പാരിതോഷികം നിശ്ചയിച്ചിരുന്നത്. മിലിന്ദിന്റെ അംഗരക്ഷകനായ ഭഗത് സിങ് എന്ന തിലക് ജേഡിന്റെ തലക്ക് ആറ് ലക്ഷം രൂപയാണ് വിലയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *