സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കോട്ടയം: സംസ്ഥാനത്ത് ഇന്നുമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുടെ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

ബസ് ഉടമകളുടെ ആവശ്യങ്ങളില്‍ നവംബര്‍ 18 ന് മുമ്പ് തീരുമാനത്തില്‍ എത്തുമെന്നും ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *