വിയറ്റ്‌നാമുമായി വ്യവസായ വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം : വിയറ്റ്‌നാമും കേരളവുമായുള്ള വ്യവസായ വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറക്കുന്നതാകും ഈ സഹകരണം. വിയറ്റ്‌നാം കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശില്‍പ്പശാലയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാര്‍ഷിക രംഗത്തും മത്സ്യബന്ധന, സംസ്‌കരണ രംഗത്തും വിയറ്റ്‌നാമുമായി ഏറെ സാമ്യത പുലര്‍ത്തുന്ന സംസ്ഥാനമാണു കേരളം. നെല്ല്, കുരുമുളക്, കാപ്പി, റബര്‍, കശുവണ്ടി തുടങ്ങിയ മേഖലകളില്‍ മികച്ച രീതികളും ഉത്പാദനക്ഷമതയും വിയറ്റ്‌നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോത്പന്ന സംസ്‌കരണം, മൂല്യവര്‍ധന എന്നിവയിലും മികവു പുലര്‍ത്തുന്നുണ്ട്. ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഈ മേഖലകളിലെ ഭാവി വികസനത്തില്‍ കേരളത്തിന് വലിയ മുതല്‍ക്കൂട്ടാകും.

ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണല്‍ പരിശീലനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ വിയറ്റ്‌നാമിനു മികച്ച പിന്തുണ നല്‍കാന്‍ കേരളത്തിനും കഴിയും. ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലും ഓണ്‍ലൈന്‍ പഠന രംഗത്തും സഹായം നല്‍കാനുമാകും. ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കേരളത്തിലേക്കു വിയറ്റ്‌നാമില്‍നിന്നുള്ളവരെ സ്വാഗതം ചെയ്തു.

വിയറ്റ്‌നാമുമായി സഹോദര നഗര ബന്ധം വിപുലമാക്കാനുള്ള ആശയം ഏറെ പ്രയോജനകരമാണ്. വിദഗ്ധരുടെ സന്ദര്‍ശനങ്ങളിലൂടെയും വെബിനാറുകളിലൂടെയും ഈ ബന്ധം ശക്തിപ്പെടുത്തും. കൃഷി, മത്സ്യബന്ധന മേഖലകളില്‍ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ രൂപവത്കരണം ഇരു പ്രദേശങ്ങളും തമ്മിലുള്ള സഹകരണത്തിനു പൊതുവേദിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You may missed