മുല്ലപ്പെരിയാര്‍ ഡാം പരസരത്തെ മരംമുറി ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാം ദൃഢപ്പെടുത്തുന്നതിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കുന്ന ഉത്തരവ് മരവിപ്പിച്ചുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.

ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്നും അസാധാരണ നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. രാഷ്ട്രീയ നേതൃത്വവുമായി കൂടിയാലോചിക്കാതെ ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇതെന്നും മന്ത്രി അറിയിച്ചു.

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായ വിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അറിയാതെ തമിഴ്‌നാടിന് വനംവകുപ്പ് അനുമതി നല്‍കിയത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed