ഒത്തുതീര്‍പ്പിനില്ല; ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ജോജു ജോര്‍ജ്

കൊച്ചി: ദേശീയ പാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപം തുടരുന്നെന്ന പരാതിയുമായി നടന്‍ ജോജു ജോര്‍ജ് കോടതിയില്‍.

സംഘര്‍ഷത്തിനിടയില്‍ തന്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി.ജോസഫിന്റെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോജു എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. തനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം എന്നാണ് ജോജുവിന്റെ ആവശ്യം.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ ഉള്‍പ്പടെ ജാമ്യമില്ലാത്ത വകുപ്പുകളില്‍ പോലീസ് കേസെടുത്തിട്ടുള്ള സാഹര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിന്റെ സഹപ്രവര്‍ത്തകര്‍ വഴി ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കു ശ്രമം നടത്തിയിരുന്നു. അതേസമയം കേസില്‍ കക്ഷി ചേരണം എന്നാവശ്യപ്പെട്ട് ജോജു രംഗത്ത് എത്തിയതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പിന് സാധ്യതയില്ലാതായിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിശ്ചായ നഷ്ടപ്പെട്ട കോണ്‍ഗ്രസ് സംഘടനകള്‍ ജോജുവിനെതിരെ വിവിധ പരാതികളുമായി രംഗത്തെത്തിയിരുന്നു. മാസ്‌ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയ ജോജു കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കണം എന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. ജോജുവിന്റെ വാഹനത്തില്‍ നമ്ബര്‍ പ്ലേറ്റ് ഘടിപ്പിച്ചതിലും നിയമലംഘനം നടത്തിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *