ടി20 ലോക കപ്പ്‌: ബംഗ്ലാദേശിനെതിരെ ആസ്‌ത്രേലിയക്ക് വമ്പന്‍ ജയം

ദുബൈ : ടി20 ലോകകപ്പിലെ 34ാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആസ്‌ത്രേലിയക്ക് വമ്പന്‍ ജയം. 82 ബോള്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റിനാണ് ഓസീസ് വിജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 73 റണ്‍സിന് ആള്‍ ഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് വെറും 6.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.

ടോസ് ലഭിച്ച ഓസീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളിംഗ് നിരയില്‍ ആദം സാംപയുടെ മിന്നലാട്ടമാണ് കണ്ടത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് സാംപ പിഴുതത്.

മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹാസില്‍വുഡ് എന്നിവര്‍ രണ്ട് വീതവും ഗ്ലെന്‍ മാക്‌സ്വെല്‍ ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാ ബാറ്റിംഗ് നിരയില്‍ ശമീം ഹുസൈനും (19) ക്യാപ്റ്റന്‍ മഹ്മൂദുല്ലയും (16) മാത്രമാണ് രണ്ടക്കം കടന്നത്. നേരത്തേ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ലിറ്റണ്‍ ദാസ് അടക്കം നാല് പേര്‍ സംപൂജ്യരായി.

ഓസീസ് ബാറ്റിംഗ് നിരയില്‍ 20 ബോളില്‍ നിന്ന് 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് തിളങ്ങി. ഡേവിഡ് വാര്‍ണര്‍ 18ഉം മിച്ചല്‍ മാര്‍ഷ് 16ഉം റണ്‍സെടുത്തു. തസ്‌കിന്‍ അഹ്മദ്, ശുരിഫുല്‍ ഇസ്ലാം എന്നിവര്‍ക്കാണ് വിക്കറ്റ്.

Leave a Reply

Your email address will not be published. Required fields are marked *