വീണ്ടും കനത്ത മഴയ്ക്ക സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ന്യുനമര്‍ദ്ദം അറബികടലില്‍ പ്രവേശിച്ച സാഹചര്യത്തിലാണിത്. ഇതേതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യുന മര്‍ദ്ദം കോമറിന്‍ ഭാഗത്തു നിന്ന് ഇന്ന് രാവിലെ 8.30 ഓടെ അറബികടലില്‍ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബികടലിലുമായി സ്ഥിതിചെയ്യുന്നു . അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യുന മര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ന്യുന മര്‍ദ്ദം തീവ്ര ന്യുന മര്‍ദ്ദമാക്കാനുള്ള സാധ്യത വളരെ കുറവാണ്. ന്യുനമര്‍ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നവംബര്‍ 7 വരെ ഇടി മിന്നലൊടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതും അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് നവംബര്‍ 03 മുതല്‍ നവംബര്‍ 07 വരെയും, ലക്ഷദ്വീപ് തീരത്ത് നവംബര്‍ 03 മുതല്‍ നവംബര്‍ 05 വരെയും, കര്‍ണാടക തീരത്ത് നവംബര്‍ 05 മുതല്‍ നവംബര്‍ 07 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങള്‍, തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *