കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധസമരത്തിനിടെ സംഘര്‍ഷം

കൊച്ചി : ഇന്ധന വില വര്‍ധനവിനെതിരെ കൊച്ചിയില്‍ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ സംഘര്‍ഷം.

സമരത്തെ തുടര്‍ന്ന് കൊച്ചി വൈറ്റില ഇടപ്പള്ളി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഒരു വിഭാഗം ജനങ്ങള്‍ സമരക്കാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

നടന്‍ ജോജു ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഗതഗാത തടസ്സത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. കുഞ്ഞുങ്ങളും രോഗികളുമടക്കം റോഡില്‍ കഷ്ടപ്പെടുകയാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തുമെന്ന സാഹചര്യമായതോടെ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചു.

എന്നാല്‍ സമരത്തിനെത്തിയ ഒരു വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയോട് ജോജു ജോര്‍ജ് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുകാരും പ്രതിഷേധിച്ചു. ജോജു ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടായി. ജോജുവിന്റെ കാര്‍ തടഞ്ഞ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില്ല് അടിച്ച് തകര്‍ത്തു. കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് അടിച്ച് തകര്‍ത്തത്. ജോജുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ജോജുവിന് കൈക്ക് പരുക്കേറ്റു.

ജോജു ജോര്‍ജ് സമരത്തിനെതിരെ പ്രതിഷേധിക്കാനെത്തിയത് മദ്യപിച്ചാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് വിവരം.

സ്ഥലത്ത് ഇപ്പോഴും നേരിയ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കോണ്‍ഗ്രസ് സമരം മുന്‍കൂട്ടി അനുമതിയില്ലാതെയാണെന്നും സമരക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും ഡി സി പി ഐശ്വര്യ അറിയിച്ചു.

അതേസമയം പ്രതിഷേധിച്ചതില്‍ ആരോടും മാപ്പ് പറയില്ലെന്നും ഒരു സ്ത്രീയേയും അപമാനിച്ചില്ലെന്നും ജോജു ജോര്‍ജ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed