സ്‌കൂള്‍ തുറക്കല്‍: എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്കിലും കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോള്‍ എല്ലാവരും ഒരുപോലെ മുന്‍കരുതല്‍ പാലിക്കണം.

പിണറായി എ കെ ജി മെമ്മോറിയല്‍ ഗവണ്മെന്റ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാളെ കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുക വളരെ പ്രധാനമാണ്. കുട്ടികളുമായി ഇടപെടുന്ന സാഹചര്യത്തില്‍ മാതാപിതാക്കളെല്ലാവരും വാക്‌സീന്‍ സ്വീകരിക്കണം. കുട്ടികള്‍ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണര്‍വുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിച്ച ഓണ്‍ലൈന്‍ പഠനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കി. കൊവിഡിനെയും ഒരു പരിധിയോളം പിടിച്ചുകെട്ടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ജനങ്ങളുടെ ഐക്യമാണ് ഇതിന് സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *