മാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് വീണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

ആലപ്പുഴ: ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയവര്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് വീണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ആലപ്പുഴ ചേര്‍ത്തലയില്‍ പട്ടണക്കാട് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത കുമാരിയ്ക്കാണ് പരിക്കേറ്റത്.

ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ അജിത കുമാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ അജിത കുമാരി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ പച്ചക്കറി വാങ്ങാന്‍ കടയുടെ അടുത്ത് നിര്‍ത്താനായി സ്‌കൂട്ടറിന്റെ വേഗത കുറയ്ക്കുന്നതിനിടെയാണ് മോഷണശ്രമം ഉണ്ടായത്. പിന്നാലെ ബൈക്കില്‍ എത്തിയവര്‍ അജിത കുമാരിയുടെ മാലയില്‍ പിടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ സ്‌കൂട്ടറില്‍ ഇരുന്നുകൊണ്ടുതന്നെ അക്രമികളെ ചെറുക്കാന്‍ അജിത കുമാരി ശ്രമിച്ചു. ഇതിനിടെയാണ് അവര്‍ സ്‌കൂട്ടറില്‍നിന്ന് താഴെ വീണത്. ഇതോടെ മോഷണശ്രമം ഉപേക്ഷിച്ച് ബൈക്കിലെത്തിയവര്‍ കടന്നുകളയുകയായിരുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അജിത കുമാരിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌കൂട്ടറില്‍നിന്ന് വീഴുന്നതിനിടെ അക്രമികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്ബര്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് അജിത കുമാരി പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *