മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി വത്തിക്കാന്‍ പാലസിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പ്രധാന മന്ത്രിയും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.

മാര്‍പ്പാപ്പയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്യുകയും രണ്ട് കോവിഡ് തരംഗങ്ങളെയും രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാര്‍പാപ്പയോട് വിശദീകരിക്കുകയും ചെയ്തു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ മരണങ്ങളില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിര്‍മാര്‍ജനവും ഇരുവരും ചര്‍ച്ച ചെയ്തു.

വെള്ളിയാഴ്ച രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ഇറ്റയിലെ പിയാസ ഗാന്ധിയില്‍ സന്ദര്‍ശനം നടത്തുകയും ഗാന്ധി ശില്പത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു.

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്‌റാള്‍, എ.ബി.വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

 

Leave a Reply

Your email address will not be published. Required fields are marked *