2282 അധ്യാപകരും 327 അനധ്യാപകരും വാക്‌സിനെടുത്തിട്ടില്ല: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 2282 അധ്യാപകരും 327 അനധ്യാപകരും വാക്‌സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാന്‍ഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 204 ആണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ 49 പ്രവൃത്തിദിവസങ്ങളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകള്‍ക്കായി 105.5 കോടി രൂപ സ്‌കൂളുകള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ട്.

പാചക തൊഴിലാളികളുടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്കുള്ള ഹോണറേറിയം തുകയായ 45 കോടി രൂപയും മുന്‍കൂറായി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. സ്‌കൂള്‍ ഗ്രാന്‍ഡ് ഇനത്തില്‍ എസ്.എസ്.കെ. 11 കോടി രൂപ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ അനുവദിച്ചിട്ടുണ്ട്.

നവംബര്‍ മാസത്തിനുള്ളില്‍ ബാക്കി 11 കോടി രൂപ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ അക്കാദമിക് ആവശ്യങ്ങള്‍ക്കും ടോയ്‌ലറ്റ് മെയിന്റിനന്‍സ്, അത്യാവശ്യ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കാം. സ്‌കൂള്‍ മെയിന്റനന്‍സ് ഗ്രാന്‍ഡ് ഇനത്തില്‍ എല്ലാ ഉപഡയറക്ടര്‍മാര്‍ക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഈ തുക ഉടന്‍ നല്‍കുന്നതാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *