മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച്‌ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണ മെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിക്കുകയാണെന്ന് അദ്ദേഹം കത്തിലൂടെ പറഞ്ഞു. 125 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷയിലും ആശങ്കയുണ്ടെന്നും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്‌നാട് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരുസംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് പറയുന്നു.

അതേസമയം പത്തുവര്‍ഷം മുമ്ബ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പഴയതൊന്നും മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതിന് പകരം അണക്കെട്ടിന് ഭീഷണിയുയര്‍ന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകളാണ് കേരളം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed