മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായി ധാരണ; ശനിയാഴ്ചവരെ 138 അടിക്കപ്പുറം തുറന്നുവിടും

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയില്‍നിന്ന് ഉയര്‍ന്നാല്‍ വെള്ളം തുറന്നുവിടാന്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ധാരണ. ഈമാസം 30 വരെയാണിതു ബാധകം.

തമിഴ്‌നാട് കൈമാറിയ റൂള്‍ കര്‍വ് പ്രകാരമാണു 138 അടി നിജപ്പെടുത്തിയത്. ഇന്നലെ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉന്നതതലസമിതി യോഗത്തിലാണു തീരുമാനം.

ജലനിരപ്പ് 142 അടിയാക്കണമെന്നു യോഗത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടെങ്കിലും കേരളം അംഗീകരിച്ചില്ല.

ജലനിരപ്പ് അടിയന്തരമായി 137 അടിയില്‍ നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. 138 അടിയായി നിലനിര്‍ത്തണമെന്നായിരുന്നു കേന്ദ്ര ജല കമ്മിഷന്റെ നിര്‍ദേശം. 2018ലെ പ്രളയസമയത്തു മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.99 അടിയായി നിലനിര്‍ത്തണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചതു കേരളം ചൂണ്ടിക്കാട്ടി.

അന്നത്തേക്കാള്‍ മോശം അവസ്ഥയാണിപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് തുറന്നുവിടേണ്ടിവന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ഒഴുക്ക്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിടെയും കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളാനാവില്ല. അതിനാല്‍ തമിഴ്‌നാട് പരമാവധി വെള്ളം കൊണ്ടുപോകണം. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോടു കേരളം ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ റൂള്‍ കര്‍വായ 138 അടിയില്‍ ജലനിരപ്പ് നിലനിര്‍ത്തുന്നതാണു നല്ലതെന്നു കേന്ദ്ര ജല കമ്മിഷനും നിര്‍ദേശിച്ചു. വരുംദിവസങ്ങളില്‍ വൃഷ്ടിപ്രദേശത്തു കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കേരളം ചൂണ്ടിക്കാട്ടിയെങ്കിലും മഴ കുറയുന്നതായാണു മേല്‍നോട്ടസമിതി വിലയിരുത്തിയത്.

യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് അഡീ. ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കേന്ദ്ര ജല കമ്മിഷന്‍ അംഗവും മുല്ലപ്പരിയാര്‍ ഉന്നതതലസമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed