പ്ലസ് വണിന് 10 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്ലസ് വണിന് 10 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി നിയമസഭയില്‍ അറിയിച്ചു.

താലൂക്കുതലത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. 50 താലൂക്കുകളില്‍ സീറ്റ് കുറവാണ്. അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകള്‍ അനുവദിക്കുകയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.ഇതിനൊപ്പം പ്ലസ് വണ്‍ പ്രവേശനത്തിന് നാലിന മാനദണ്ഡവും പ്രഖ്യാപിച്ചു.

ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും, 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ച ജില്ലകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം കൂട്ടും, മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിക്കാത്ത ജില്ലകളില്‍ 10 ശതമാനം സീറ്റ് കൂട്ടും, സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ സയന്‍സിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും എന്നിവയാണ് നാലിന മാനദണ്ഡങ്ങള്‍.

എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം കിട്ടുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മുഴുവന്‍ എ പ്ലസ് കിട്ടിയതില്‍ 5812 പേര്‍ക്ക് മാത്രമാണ് ഇനി പ്രവേശനം കിട്ടാനുള്ളതെന്നും അവര്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed