ലഖിംപൂര്‍ സംഭവം: അന്വേഷണം അവസാനമില്ലാതെ നീളരുതെന്ന്‌ സുപ്രീം കോടതി

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് വൈകിപ്പിച്ചതില്‍ പോലീസിന് രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. റിപ്പോര്‍ട്ട് അവസാന നിമിഷത്തേക്ക് മാറ്റിവച്ചതാണോ? ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരുന്നുവെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ ചോദിച്ചു.

അന്വേഷണം അവസാനമില്ലാതെ നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണം വലിച്ചിഴക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് അറിയിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്. എന്നാല്‍ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഇന്നലെ തന്നെ കൈമാറിയിരുന്നുവെന്ന് ഹരീഷ് സാല്‍വെ അറിയിച്ചു. എന്നാല്‍ അവസാന നിമിഷം ലഭിച്ചാല്‍ എങ്ങനെ വായിക്കാന്‍ കഴിയുമെന്ന് കോടതി തിരിച്ചുചോദിച്ചു. ഒരു ദിവസം മുന്‍പെങ്കിലും ലഭിക്കേണ്ടതല്ലെ? ചീഫ് ജസ്റ്റീസ് പറഞ്ഞു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെയാണ് യു.പി സര്‍ക്കാര്‍ സാവകാശം തേടിയിരുന്നത്. കേസില്‍ എന്തുകൊണ്ട് കൂടുതല്‍ സാക്ഷികളുടെ മൊഴിയെടുത്തില്ലെന്നും കോടതി ആരാഞ്ഞു. 164 സാക്ഷികളില്‍ 44 പേരുടെ മൊഴികള്‍ മാത്രമാണ് എടുത്തത്. അതില്‍ തന്നെ നാല് മൊഴികളാണ് മജിസ്‌ട്രേറ്റിനു മുമ്ബാകെയുള്ളത്. എന്തുകൊണ്ട് മുഴുവന്‍ പേരുടെയും മൊഴിയെടുത്തില്ല. ചീഫ് ജസ്റ്റീസ് ആരാഞ്ഞു. എല്ലാ സാക്ഷികളുടെയും മൊഴി മജിസ്‌ട്രേറ്റിനു മുമ്ബാകെ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ നടപടികള്‍ തുടരുകയാണെന്നും എല്ലാ പ്രധാന പ്രതികളെയും അറസ്റ്റു ചെയ്തുവെന്നും ഹരീഷ് സാല്‍വെ മറുപടി നല്‍കി. കേസില്‍ ഇതിനകം 10 പേര്‍ അറസ്റ്റിലായി. കര്‍ഷകരുടെ മര്‍ദ്ദനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നതിലും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് വ്യക്തമാക്കി.

അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഹരീഷ് സാല്‍വേ വ്യക്തമാക്കി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. കേസിലെ സാക്ഷികള്‍ക്കെല്ലാം പോലീസ് സംരക്ഷണം നല്‍കണമെന്നും സുപ്രീം കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed