ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം ഒഴുകുന്നത്

ഇടുക്കി: 2018ലെ പ്രളയത്തിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു.

രാവിലെ 11മണിയ്ക്ക് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം ഒഴുകുക. ഡാമിന്റെ 2,3,4 ഷട്ടറുകളാണ് തുറന്നത്. മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.

ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി.

അണക്കെട്ട് തുറന്നുള്ള ആദ്യംവെള്ളമെത്തുന്നത് ചെറുതോണി ടൗണിലാണ്. തടിയമ്ബാട്, കരിമ്ബന്‍ പ്രദേശങ്ങളാണ് അടുത്തത്. വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറില്‍ നിന്നുള്ള പന്നിയാര്‍കുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവര്‍ പെരിയാര്‍ വഴി, നേര്യമംഗലത്തും വെള്ളമെത്തും.

അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാര്‍ അണക്കെട്ടിലെ വെള്ളവും പെരിയാറില്‍ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാര്‍ അറബിക്കടലില്‍ ചേരും.

Leave a Reply

Your email address will not be published. Required fields are marked *