വ്യാപാരി വ്യവസായി ഏകോപന സമിതി പിളര്‍ന്നു; പുതിയ സംഘടന കൂടി നിലവില്‍വന്നു

പാലക്കാട്:  വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം പുതിയ വ്യാപാരി സംഘടന രൂപീകരിച്ചു.

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ എന്ന പേരിലാണ് സംസ്ഥാന തലത്തില്‍ വ്യാപാര വ്യവസായസേവന മേഖലയില്‍ പുതിയ സംഘടന നിലവില്‍ വന്നത്. പാലക്കാട് ജോബീസ് മാള്‍ ഡയമണ്ട് ഹാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രക്ഷാധികാരി ജോബി വി ചുങ്കത്ത് സംഘടനയുടെ പ്രഖ്യാപനം നടത്തി.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും എത്തിയ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സംഘടനാ പ്രഖ്യാപനം നടന്നത്.

വ്യാപാര സേവന മേഖലകളിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കും , നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാലഘട്ടത്തിനനുസൃതമായ വ്യാപാര മേഖല കെട്ടിപ്പടുക്കുന്നതിനും, നിയമ നടപടി കുരുക്കുകളില്‍ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി സഹായ സേവന സംവിധാനമായി എല്ലാ തരം വ്യാപാര, വ്യവസായ, സേവന മേഖലകളില്‍ സാമ്പത്തികമോ, സാങ്കേതികമോ, നൈപുണ്യമോ മുതല്‍ മുടക്കായി ജീവിത മാര്‍ഗ്ഗം കണ്ടെത്തിയവരുടെ സംഘടനയായി യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ പ്രവര്‍ത്തിക്കുമെന്ന് ജോബി വി ചുങ്കത്ത് പറഞ്ഞു.

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ 14 ജില്ലകളിലും സജീവമായ ജില്ലാ കമ്മറ്റികളോടെ തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷത്തോളം അംഗങ്ങളുമായാണ് സംഘടനയുടെ പ്രവര്‍ത്തന തുടക്കമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *