കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരം

കോട്ടയം: കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരം. ഇന്നു വരെ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്ന് റിപ്പോര്‍ട്ട്. ജില്ലയിലെ താഴ്ന്ന മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടയിലായ കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങിനാണ് സഹായം തേടിയത്.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. മുണ്ടക്കയത്ത് കാര്യമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ജാഗ്രത നിര്‍ദേശത്തിന് തൊട്ടടുത്തെത്തിയിട്ടുണ്ട് മണിമലയാറിലെ ജലനിരപ്പ്.

അമ്ബതോളം പേരെ മാറ്റി പാര്‍പ്പിച്ചു.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പേരാണ് വീടുകള്‍ക്ക് മുകളില്‍ കാത്ത് കഴിയുന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയത്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി ഉടന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മുണ്ടക്കയം- എരുമേലി ക്രോസ് വേ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കാഞ്ഞിരിപ്പള്ളി ടൗണിലും വെള്ളം കയറി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം മാറ്റുകയാണ്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി കരസേനയെ വിന്യസിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ എല്ലാ വകുപ്പുകളും ദുരന്ത നിവാരണത്തിന് മുന്നിട്ടിറങ്ങാനും പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed