ധീര ജവാന്‍ വൈശാഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്

കൊല്ലം: പൂഞ്ചില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വൈശാഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി ജന്മദേശം.

പൂഞ്ചില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കൊല്ലം വെളിയത്തെ വൈശാഖിന് യാത്രാമൊഴിയുമായി ആയിരങ്ങളാണ് ജന്മനാട്ടിലേക്ക് ഒഴുകിയെത്തിയത്. പാങ്ങോട് സൈനിക ക്യാമ്ബില്‍ നിന്ന് വിലാപ യാത്രയായാണ് ഭൗതികശരീരം ജന്മനാട്ടിലേക്ക് രാവിലെ എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍.പി സ്‌കൂളിലേക്കാണ് വിലാപയാത്ര എത്തിയത്.

പൊതുദര്‍ശനം അവസാനിപ്പിച്ച്‌ വൈശാഖിന്റെ വീട്ടിലേക്ക് ദേശീയ പതാക പുതപ്പിച്ച്‌ ഭൗതികശരീരം മാറ്റുമ്ബോഴും വന്‍ ജനാവലി അനുഗമിച്ചു. തുടര്‍ന്ന് സൈന്യത്തിലെ സഹപ്രവര്‍ത്തകര്‍ ഔദ്യോഗിക യാത്രാമൊഴി നല്‍കി. പിന്നാലെയാണ് ഭൗതികശരീരം സംസ്‌ക്കരിച്ചത്.

നാലുവര്‍ഷം മുമ്ബാണ് വൈശാഖ് കരസേനയില്‍ ചേര്‍ന്നത്. മറാഠ റെജിമെന്റില്‍ ആയിരുന്നു. ഏഴുമാസം മുമ്ബാണ് പഞ്ചാബില്‍ നിന്ന് കശ്മീരില്‍ എത്തിയത്. രണ്ടുമാസം മുമ്ബ് അവധിക്ക് വീട്ടില്‍ വന്നു പോയതാണ്.

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ചയാണ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതരമായി പരുക്കേറ്റ സൈനികരെ ചികിത്സാകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ ജസ്‌വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപായി ഗജ്ജന്‍ സിങ്ങ്, ശിപായി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.

Leave a Reply

Your email address will not be published. Required fields are marked *