ബിഎസ്‌എഫിന്റെ അധികാര പരിധി കൂട്ടി

ന്യൂഡല്‍ഹി : അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയത്. മൂന്നു സംസ്ഥാനങ്ങളില്‍ രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും 50 കിലോമീറ്റര്‍ അകത്തേക്ക് പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനുമാണ് അധികാരം നല്‍കിയത്.

മുന്‍പ്‌ രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും 15 കിലോമീറ്റര്‍ വരെയായിരുന്നു ബിഎസ്എഫിന് പരിശോധന നടത്താന്‍ അധികാരമുണ്ടായിരുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. നാഗാലാന്‍ഡ്, ത്രിപുര, മണിപ്പുര്‍, ലഡാക്ക് എന്നിവിടങ്ങളിലും ബിഎസ്എഫിന് കൂടുതല്‍ അധികാരം ലഭിക്കും.

ഗുജറാത്തില്‍ 80 കിലോമീറ്റര്‍ ആയിരുന്നത് 50 കിലോമീറ്റര്‍ ആയി ചുരുക്കി. അതേസമയം മേഘാലയ, നാഗാലാന്‍ഡ്, മിസോറം, ത്രിപുര, മണിപ്പുര്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ദൂരപരിധി നിശ്ചയിച്ചിട്ടില്ല. പുതിയ വിജ്ഞാപനത്തോടെ ബിഎസ്എഫിന് ലോക്കല്‍ പൊലീസിന്റെ അറിവോ സഹായമോ ഇല്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും കഴിയും.ാേ

Leave a Reply

Your email address will not be published. Required fields are marked *