ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയര്‍ത്തി വിജ്ഞാപനം ഇറങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭഛിദ്ര നിയമത്തില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തി.

ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ഗര്‍ഭിണിയായിരിക്കെ വിവാഹബന്ധം വേര്‍പ്പെടുത്തുകയോ വിധവയാകുകയോ ചെയ്തവര്‍, ഗുരുതര ശാരീരിക മാനസിക പ്രശ്‌നങ്ങളുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭഛിദ്രം നടത്താം.

കുട്ടിയുടെയോ അമ്മയുടെയോ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ മാത്രമേ 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം അനുവദിക്കൂ. ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും. ഇത്തരം കേസുകളില്‍ ഗര്‍ഭഛിദ്രം വേണമോയെന്ന് തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിലേക്ക് കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്താം. അപേക്ഷ കിട്ടി 3 ദിവസത്തിനുള്ളില്‍ ബോര്‍ഡ് തീരുമാനമെടുക്കണം. എല്ലാ സുരക്ഷയോടെയുമാണ് ഗര്‍ഭഛിദ്രം നടക്കുന്നതെന്ന് ബോര്‍ഡ് ഉറപ്പാക്കണം എന്നും പുതിയ നിയമം നിര്‍ദേശിക്കുന്നു. 24 ആഴ്ചയ്ക്ക് മുകളിലേക്കുള്ള ഗര്‍ഭഛിദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡാണ് അപേക്ഷ പരിഗണിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *