ഉത്രാ കൊലപാതകം: സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.

അറസ്റ്റിലായി 90 ദിവസം തികയും മുന്‍പ്, കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സൂരജിന് ജയിലില്‍ നിന്ന് ഇറങ്ങാനായില്ല.

സൂരജിന് മേല്‍ പ്രോസിക്യൂഷന്‍ ആരോപിച്ച ഗൂഢാലോചനയോടെയുള്ള കൊലപാതകം (ഐ.പി.സി 302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യജീവി ആക്‌ട് (115) എന്നിവ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിച്ചെന്ന അപൂര്‍വതയുമുണ്ട്.

വിചിത്രവും ദാരുണവുമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണമെന്നും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

കൊല്ലം റൂറല്‍ എസ്.പിയായിരുന്ന ആര്‍. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ. അശോകനാണ് കേസന്വേഷിച്ചത്. അഡ്വ. മോഹന്‍രാജാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

Leave a Reply

Your email address will not be published. Required fields are marked *