വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് 2കുട്ടികൾ മരിച്ചു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയിൽ ദുരിതം തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും മൂന്നു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

മലപ്പുറം കരിപ്പൂരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. ചോനാരിയിൽ മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെയും അബൂബക്കറിൻ്റെയും മക്കളായ എട്ടുവയസുകാരി ലിയാന ഫാത്തിമയും ഏഴ് മാസം പ്രായമുള്ള സഹോദരി ലുബാനയുമാണ് മരിച്ചത്.

പുലർച്ചെയായിരുന്നു അപകടം. വീടിന് മുകളിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് ഒരു വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള തോട്ടിലെ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കാലിന് സ്വാധീനം കുറവുള്ള ഗോവിന്ദരാജ് നാഗമലയിലുള്ള ക്ഷേത്രത്തിലാണ് അന്തിയുറങ്ങിയിരുന്നത്. ശക്തമായ മഴയിൽ ക്ഷേത്രത്തിലേക്ക് വെള്ളം വരുന്നത് കണ്ടു തോടിനു കുറുകെ ഉള്ള പാലം മുറിച്ചു കടക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും വളരെ ദൂരെ മാറിയാണ് മൃതദേഹം കണ്ടെടുത്തത്.

സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടിയാണ് ഓറഞ്ച് അലർട്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *