ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കില്ല;പ്രത്യേക സഭയായി നിലനില്‍ക്കുമെന്ന് യാക്കോബായ വിഭാഗം

കൊച്ചി: 1934ലെ ഭരണഘടന അനുസരിച്ച്‌ ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ ഒരു സഭയായി മുന്നോട്ടു പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോയ് മെത്രാപ്പൊലിത്ത പറഞ്ഞു.

യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെത്രാപ്പൊലീത്ത ഇക്കാര്യം അറിയിച്ചത്.

യാക്കോബായ വിഭാഗം പ്രത്യേക സഭയായി നിലനില്‍ക്കുമെന്നും സുന്നഹദോസിനു ശേഷം ഹൈക്കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. നൂറ് വര്‍ഷം പഴക്കമുള്ള കേസാണിതെന്നും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓര്‍ത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

“യാക്കോബായ സഭ ഒരിക്കലും കോടതി വിധികള്‍ക്ക് എതിരല്ല. ക്രൈസ്തവ സാക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ല. യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാല്‍ ചില കാര്യങ്ങള്‍ കോടതിയുടെ നിരീക്ഷണത്തില്‍പ്പെടുന്നില്ല,” മെത്രാപ്പൊലീത്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികള്‍ ഭരിക്കപ്പെടേണ്ടതെന്നും കഴിഞ്ഞ ദിവസം കോടതി നി‌ര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ യാക്കോബായ സഭയുടെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *