നോക്കുകൂലി ആര് ചോദിച്ചാലും കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണം: ഹൈക്കോടതി

കൊച്ചി: നോക്കുകൂലി കേരളത്തില്‍ നിന്ന് തുടച്ചുനീക്കണമെന്ന് ആവര്‍ത്തിച്ച്‌ ഹൈക്കോടതി.

നോക്കുകൂലി ആര് ചോദിച്ചാലും കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണം. നോക്കുകൂലി എന്ന വാക്ക് കാണരുത്. ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന കേരളത്തിന്റെ പ്രതിഛായ മാറണം. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു. ഈ സാഹചര്യം മാറണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

നോക്കൂകൂലിക്കെതിരെ കൊല്ലം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. നോക്കുകൂലി വാങ്ങുന്നതില്‍ നിന്നും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂണിയനുകളെ തടയണമെന്നും സ്ഥാപനത്തിലേക്ക സാധനങ്ങളിറക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

തൊഴിലുടമ ജോലി നല്‍കിയില്ലെങ്കില്‍ തൊഴിലാളി യൂണിയനുകള്‍ അക്രമം അഴിച്ചുവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തൊഴിലുടമ ജോലി നിഷേധിച്ചാല്‍ അതിനെതിരെ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയാണ് വേണ്ടത്. ഐ.എസ്.ആര്‍.ഒ.യിലേക്ക് കൊണ്ടുവന്ന കാര്‍ഗോ ഇറക്കുന്നതില്‍ നോക്കുകൂലി ആവശ്യപ്പെട്ടത് ദേശീയതലത്തില്‍ വരെ ചര്‍ച്ചയായെന്നും അത് സംസ്ഥാനത്തിനു വലിയ നാണക്കേടായെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *