ശബരിമല, പൗരത്വ നിയമ സമരങ്ങള്‍; കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വ നിയമം എന്നിവയ്‌ക്കെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമ്രന്തി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. രണ്ട് പ്രതിഷേധങ്ങളുമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്ന വെളിപ്പെടുത്തലാണ് മുഖ്യമന്ത്രി തന്നെ നടത്തിയിരിക്കുന്നത്.

ശബരിമല-പൗരത്വ പ്രതിഷേധ കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള ഐ.ജിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ 2636 കേസുകളും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ 836 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *