ലക്‌നൗ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

ലക്‌നൗ: ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടിയുള്ള യാത്രാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ലക്‌നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ യാത്രാവാഹനത്തെ ചൊല്ലി തര്‍ക്കം.

സംസ്ഥാനത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ മാത്രമേ രാഹുല്‍ ഗാന്ധി മരണമടഞ്ഞ കര്‍ഷകരുടെ കുടുംബങ്ങളിലേക്ക് പോകാവൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു. തന്റെ സ്വന്തം വാഹനത്തില്‍ മാത്രമേ പോകുന്നുള്ളു എന്ന് രാഹുലും കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമായി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പോകുന്ന വഴിയില്‍ എന്തോ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനാലാണ് തന്നെ ഔദ്യോഗിക വാഹനത്തില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. പ്രശ്നം രൂക്ഷമായതോടെ രാഹുല്‍ ലക്‌നൗ വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ രാഹുലിനെ സ്വന്തം വാഹനത്തില്‍ പോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചു.

രാവിലെ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും ബി ജെ പിക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രാജ്യത്ത് ഏകാധിപത്യം ആണ് നടക്കുന്നതെന്നും ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *