വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത

തിരുവനന്തപുരം : വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്ന പരാതിയില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത . ഷാഹിദയുടെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ സ്വദേശിനി അഖില നല്‍കിയ പരാതിയിലാണ് നടപടി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വനിതാ കമ്മിഷന്‍ അംഗമാകുന്നതിനും ഷാഹിദ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്നാണ് പരാതി. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ ഡോക്ടറേറ്റ് ഉണ്ടെന്ന് പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇത് സംബന്ധിച്ച്‌ ആദ്യം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരി ലോകായുക്തയെ സമീപിച്ചത്.

കേസ് പരിഗണിച്ച ലോകായുക്ത ഷാഹിദയോട് വിശകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ വിദ്യാഭ്യാസ രേഖകളെല്ലാം ഹാജരാക്കണം അതിനുശേഷം തുടര്‍ നടപടി സ്വീകരിക്കും. അടുത്ത മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷാഹിദ കമാലിന്റെ ബിരുദവും ഡോക്ടറേറ്റും സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. വനിതാ കമ്മിഷന്‍ വെബ്സൈറ്റില്‍ ഡോ. ഷാഹിദ കമാല്‍ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2009-ല്‍ കാസര്‍ഗോഡ് ലോക്‌സഭാ സീറ്റിലും 2011-ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാല്‍ മത്സരിച്ചെങ്കിലും രണ്ടിടത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ വിദ്യാഭ്യാസയോഗ്യത ബികോം ആണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പരാതി ഉയര്‍ന്നതോടെ താന്‍ ബികോം പാസായിട്ടില്ലെന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നുമാണ് അവര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *