പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ഡി.രാജ

ന്യൂഡല്‍ഹി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജനറല്‍ സെക്രട്ടറി ഡി. രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജ പറഞ്ഞു.

പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം ഉണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും രാജ പറഞ്ഞു. അച്ചടക്കം ലംഘനം ആര് നടത്തിയാലും അച്ചടക്കലംഘനം തന്നെയാണ്. വ്യക്തികള്‍ക്ക് അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ അത് പാര്‍ട്ടിക്കകത്തായിരിക്കണമെന്നും രാജ പറഞ്ഞു.

സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ ദേശീയ വക്താക്കള്‍ക്ക് അഭിപ്രായം പറയാം. ആനിരാജയുടെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും വാര്‍ത്ത മാത്രമെയുള്ളുവെന്നും ഡി. രാജ പറഞ്ഞു.

കനയ്യകുമാര്‍ പാര്‍ട്ടിയെ വഞ്ചിക്കുകയായിരുന്നെന്ന മുന്‍ നിലപാട് ഡി. രാജ ആവര്‍ത്തിച്ചു. ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നപ്പോള്‍ കനയ്യക്ക് സംരക്ഷണം നല്‍കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. കനയ്യക്കൊപ്പം പാര്‍ട്ടി നിന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും ആദര്‍ശങ്ങളേയും കനയ്യ കുമാര്‍ വഞ്ചിച്ചുവെന്നും ഡി.രാജ പറഞ്ഞു.

24ാമത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തവര്‍ഷം ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്ന് ഡി. രാജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *