ബിജെപിയെ എതിര്‍ക്കുന്നവര്‍ തന്റെ പ്രസംഗം കേട്ടാല്‍ തളര്‍ന്ന് പോകും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിജെപിയെ എതിര്‍ക്കുന്നവര്‍ തന്റെ പ്രസംഗം കേട്ടാല്‍ തളര്‍ന്ന് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബിജെപിയെ എതിര്‍ക്കാന്‍ ചിലര്‍ രാവും പകലും ഊര്‍ജം ചിലവാക്കുകയാണ്, എന്നാല്‍ തന്റെ പ്രസംഗം കേട്ടാല്‍ അവര്‍ തളര്‍ന്ന് പോകും’-പ്രധാനമന്ത്രി പറഞ്ഞു.

ലഖിംപൂര്‍ ഖേരിയിലെ ആക്രണങ്ങളും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഖ്നൗവില്‍ എത്തിയതെങ്കിലും ഈ വിഷയങ്ങള്‍ പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

പിഎം ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തില്‍ മുമ്ബത്തേക്കാള്‍ വന്‍ വര്‍ദ്ധനവ് ഉള്ളത് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നഗരങ്ങളില്‍ 1.13 കോടിയിലധികം പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതില്‍ 50 ലക്ഷത്തിലധികം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് കൈമാറിയതായും പ്രാധനമന്ത്രി അറിയിച്ചു. ചേരികളില്‍ താമസിക്കുന്നവരും ഉറപ്പുള്ള വീടുകള്‍ ഇല്ലാത്തവരുമായ മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കോടീശ്വരന്മാരാകാനുള്ള അവസരം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാജ്യത്ത് ഏകദേശം 3 കോടി വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, അവയുടെ വില നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. ഈ ആളുകള്‍ ലക്ഷപ്രഭുക്കളായി മാറിയിരിക്കുന്നു.

യുപിയിലെ ഇപ്പോഴത്തെ ഭവന വിതരണത്തിന് മുമ്ബ്, 18000 ല്‍ അധികം വീടുകള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും 18 വീടുകള്‍ പോലും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. പദ്ധതികള്‍ നടപ്പാക്കുന്നതു മുന്‍ ഗവണ്‍മെന്റുകള്‍ നീട്ടിക്കൊണ്ടു പോയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള നിലവിലെ ഗവണ്‍മെന്റ് അധികാരമേറ്റതിനുശേഷം, 9 ലക്ഷത്തിലധികം ഭവന യൂണിറ്റുകള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് കൈമാറിയതായും 14 ലക്ഷം യൂണിറ്റുകള്‍ വിവിധ ഘട്ടങ്ങളിലായി നിര്‍മാണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഈ വീടുകളില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു.

നഗര മധ്യവര്‍ഗത്തിന്റെ പ്രശ്‌നങ്ങളും വെല്ലുവിളികളും മറികടക്കാന്‍ ഗവണ്‍മെന്റ് വളരെ ഗൗരവമേറിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിയമം അത്തരമൊരു പ്രധാന നടപടിയാണ്. ഈ നിയമം ജനങ്ങള്‍ക്ക് വളരെ അധികം ഗുണം ചെയ്തു. എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ ഓരോ വര്‍ഷവും ഏകദേശം 1000 കോടി രൂപ നഗരസഭകള്‍ ലാഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഈ തുക മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നഗരത്തില്‍ താമസിക്കുന്ന ആളുകളുടെ വൈദ്യുതി ബില്ലും എല്‍ഇഡി വളരെയധികം കുറച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യ മൂലം നഗരമേഖലയില്‍ വലിയ മാറ്റമുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തെ 70 ലധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുടെ അടിസ്ഥാനം സാങ്കേതികവിദ്യയാണ്. ‘ഇന്ന്, നമ്മള്‍ പറയേണ്ടത് ‘പെഹ്‌ലെ ആപ്’- അഥവാ ‘താങ്കള്‍ ആദ്യം എന്നതിന് പകരം സാങ്കേതിക വിദ്യ ആദ്യം”, എന്നാണെന്ന് തമാശ രൂപേണ മോദി പറഞ്ഞു.

പ്രധാനമന്ത്രി സ്വാനിധി യോജന പ്രകാരം തെരുവ് കച്ചവടക്കാര്‍ ബാങ്കുകളുമായി ബന്ധപ്പെടുന്നു. ഈ പദ്ധതിയിലൂടെ 2500 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് 2500 കോടിയിലധികം രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ യുപിയിലെ 7 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ സ്വാനിധി യോജന പ്രയോജനപ്പെടുത്തി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ അദ്ദേഹം വസ്തു കച്ചവട ക്കാരെ അഭിനന്ദിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് രാജ്യം അതിവേഗം മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ല്‍ മെട്രോ സര്‍വീസ് 250 കിലോമീറ്ററില്‍ താഴെയായിരുന്നു. ഇന്ന് അത് ഏകദേശം 750 കിലോമീറ്റര്‍ വ്യാപ്തിയിലായി. രാജ്യത്ത് ഇപ്പോള്‍ 1000 കിലോമീറ്ററിലധികം മെട്രോ പാതകളുടെ നിര്‍മാണം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *