അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയില്‍ അഴിച്ചുപണി

തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയില്‍ അഴിച്ചുപണി. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റമില്ല.

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയില്‍ പുനസംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്‌

വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ട്രഷററായിരുന്ന ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇ കൃഷ്ണദാസാണ് ട്രഷറര്‍. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി.

സന്ദീപ് വചസ്പതി, കെ വി എസ് ഹരിദാസ്, ടി പി സിന്ദുമോള്‍ എന്നിവരെ വക്താക്കളായി ഉള്‍പ്പെടുത്തി. ജി രാമന്‍നായര്‍, എം എസ് സമ്ബൂര്‍ണ എന്നിവരേ ദേശീയ കൗണ്‍സിലിലേക്കും ഉള്‍പ്പെടുത്തി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *