കേരള സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു

കൊച്ചി: കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.

നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരും സര്‍വകലാശാലയും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്ബ്യാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സംവരണ തസ്തിക നിശ്ചയിച്ച രീതിയില്‍ തെറ്റില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് നിയമനങ്ങള്‍ റദ്ദാക്കിയത്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നിരീക്ഷണം.

2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ 58 നിയമനങ്ങളാണ് ജസ്റ്റിസ് അമിത് റാവല്‍ റദ്ദാക്കിയത്. വ്യത്യസ്ത വകുപ്പുകളിലെ തസ്തികകളെ ഒത്തു ചേര്‍ത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീം കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമനം ലഭിച്ചവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ച് വിധി.

വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാല്‍ ഒഴിവുകളിലെ സംവരണം 100 ശതമാനമാകും. ഇത് മെറിറ്റില്‍ നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

You may missed