വസ്തുനിഷ്ഠമായ കാര്യം ജനത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടത് തന്റെ കൂടെ ആവശ്യം: കെ.സുധാകരന്‍

തിരുവനന്തപുരം: സാമ്ബത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങള്‍ വിജലന്‍സ് അല്ല ഏത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാലും ഒരു പ്രയാസവുമില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.

വിജിലന്‍സ് അന്വേഷിച്ച്‌ അതിന്റെ വസ്തുനിഷ്ഠമായ കാര്യം ജനത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടത് തന്റെ കൂടെ ആവശ്യമാണ്. ഇത് അന്വേഷിച്ചിട്ടാണെങ്കിലും തന്റെ വ്യക്തിത്വം ജനങ്ങളുടെ മുന്നില്‍ തെളിയിക്കാമല്ലോ എന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും ഉപദ്രവം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും മുഖ്യമന്ത്രി എത്ര പൊതുയോഗത്തില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുധാകരന്‍ ചോദിച്ചു. ജീവിതത്തില്‍ നിന്നും തുടച്ചു നീക്കാന്‍ ശ്രമിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി അത് നടക്കില്ലെന്നു കണ്ടപ്പോള്‍ കേസുകളില്‍പ്പെടുത്തി രാഷ്ട്രീയപ്രവര്‍ത്തനത്തിന് തടസം നില്‍ക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ ജീവിതത്തില്‍ ഒരു കറുത്ത കുത്ത് ആര്‍ക്കും കണ്ടെത്താന്‍ സാധിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

പ്രശാന്ത് ബാബു എന്തും പറയും. പ്രശാന്ത് ബാബു അത്ര വലിയ സര്‍വീസ് ചെയ്ത ആളൊന്നുമല്ല. കുറച്ചുനാള്‍ ഡ്രൈവറില്ലാതിരുന്ന സമയത്ത് താത്കാലികമായി കുറച്ചു കാലം ഡ്രൈവര്‍ പണിയെടുത്തു എന്നതിലപ്പുറം അയാളില്‍ നിന്ന് ഒരു സേവനവും പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന് ജീവിക്കാനുള്ള ജോലി അടക്കം കൊടുത്തവരാണ് തങ്ങളെന്ന് സുധാകരന്‍ പറഞ്ഞു. ഇതിനു മുമ്ബ് തെളിവ് ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രശാന്ത് ബാബുവിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അന്ന് കേസും പിന്‍വലിച്ച്‌ പൊയ്ക്കൊള്ളാനാണ് ഡി ജി പി പ്രശാന്ത് ബാബുവിനോട് ആവശ്യപ്പെട്ടതെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *