മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു. 

ഹാസ്യസാഹിത്യകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനും ആണ് സി.പി. നായര്‍. ഹാസസാഹിത്യത്തിനുള്ള 1994-ലെ കേരളസാഹിത്യഅക്കാദമിപുരസ്‌കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകള്‍ എന്ന പുസ്തകത്തിനായിരുന്നു. ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗമായിരുന്നു. ജനപക്ഷത്ത് നിന്ന് ഫയലുകളില്‍ തീരുമാനം എടുത്ത സൗമ്യമുഖത്തിന് ഉടമയായിരുന്നു സിപി നായര്‍.

രാഷ്ട്രീയത്തിന് അപ്പുറം വികസനത്തോട് ചേര്‍ന്ന് നിന്നായിരുന്നു പ്രവര്‍ത്തനം. സി.പി. നായര്‍ 1940 ഏപ്രില്‍ 25-ന് മാവേലിക്കരയില്‍ ജനിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി.ചെല്ലപ്പന്‍ നായരാണ് അദ്ദേഹത്തിന്റെ അച്ഛന്‍. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം നടത്തി. ഇംഗ്ലീഷില്‍ എം.എ. ഒന്നാം റാങ്കോടെ പാസ്സായി.മൂന്നുവര്‍ഷം കോളേജ് അദ്ധ്യാപനം. കോഴഞ്ചേരി സെന്റ്തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ ആര്‍ട്സ് കോളജില്‍ എന്നിവിടങ്ങളിലാണ് അദ്ധ്യാപകനായി ജോലിനോക്കിയത്.

1962-ല്‍ ഐ.എ.എസ്. നേടി. സബ് കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിവില്‍ സപ്ലൈസ് ഡയരക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളിളിരുന്നു. 1971-ല്‍ ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നഗരവത്കരണത്തില്‍ പഠനം നടത്തി. കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് സിപി നായര്‍.

ഇരുകാലിമൂട്ടകള്‍ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയില്‍ ഒരു മാരുതി , ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.

ഭാര്യ: സരസ്വതി. മക്കള്‍: ഹരിശങ്കര്‍, ഗായത്രി

Leave a Reply

Your email address will not be published. Required fields are marked *

You may missed